Monday, April 28, 2025

മാവിന് വളം കൊടുക്കണോ?*

*മാവിന് വളം കൊടുക്കണോ?* 
=======================
ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്നവർ നമ്മളാണ്. പാഴാക്കിക്കളയുന്നവരും...

എന്ത് കൊണ്ടാണ് നമുക്ക് പലപ്പോഴും തൃപ്തികരമായി മാങ്ങാ വിളവെടുക്കാൻ കഴിയാത്തത്? 

പല കാരണങ്ങൾ പറയാം.

1.നല്ല തുറസ്സായ, 8 മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടാത്ത ഇടങ്ങളിൽ കൊണ്ടുപോയി മാവ് നടും. അതിന് സ്വസ്ഥമായി കയ്യും (ചില്ലകൾ) കാലും (വേരുകൾ) പടർത്തി വളർത്താൻ കഴിയാതെ വരും.

2. 1മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്ത്, അതിൽ അഴുകി പൊടിഞ്ഞ ചാണകം, ചാരം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ സമൃദ്ധമായി മണ്ണുമായി മിക്സ്‌ ചെയ്തു കുഴി മൂടാതെ, ഒരു 'ചിരട്ടക്കുഴി' എടുത്ത് തൈകൾ നടും . ആയതിനാൽ തന്നെ 'മണങ്ങി മണങ്ങി', "തത്തക്കോ പിത്തക്കോ" എന്ന പോലെ മാത്രമേ മാവ് വളരുകയുള്ളൂ. ചുറ്റുമുള്ള മണ്ണ് മിശ്രിതം ഇളക്കമുള്ളതും വളക്കൂറുള്ളതും ആണെങ്കിൽ മാത്രമേ വേഗം വേരിറങ്ങി ചെടി വേഗത്തിൽ കരുത്തോടെ വളരൂ.

3.നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങൾ അല്ല പലപ്പോഴും നമ്മൾ നടുക. ഫാൻസി ഇനങ്ങളുടെ പിറകെ പോകും. മാവുകൾ വയ്ക്കാൻ ഒരുപാട് സ്ഥലം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് ഫാൻസി ഇനവും നടാം. കാരണം 
"അശോകന് ക്ഷീണം ആകാം".
പക്ഷെ, ഒന്നോ രണ്ടോ മാവ് നടാൻ ഉള്ള സ്ഥലമേ ഉള്ളൂ എങ്കിൽ അവിടെ ജഹാന്ഗീർ, ബ്ലാക്ക് ആൻഡ് റോസ്, മിയസാക്കി എന്നിവയുടെയൊക്കെ പിന്നാലെ പായരുത്. 
അത്തരക്കാർക്ക് പറ്റിയത് മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, കൊളംബി, കൊട്ടൂർക്കോണം, സിന്ദൂരം, ചന്ത്രക്കാറൻ, കലപ്പാടി, മല്ലിക, നീലം എന്നിങ്ങനെ ഏറെക്കുറെ തെക്കൻ കേരളത്തിന്‌ യോജിച്ച ഇനങ്ങളാണ്.

4.മാവ്, വലിയ ഉയരത്തിൽ പോകാതെ, വശങ്ങളിലേക്ക് ശിഖരങ്ങൾ വളർന്ന് കയ്യെത്തും ഉയരത്തിൽ മാങ്ങാ പറിയ്ക്കത്തക്ക രീതിയിൽ കവാത്ത് ( prunning) ചെയ്തു വളർത്താൻ നമുക്ക് അന്നും അറിയില്ല, ഇന്നും അറിയില്ല. അത് കൊണ്ട് വലിയ മാവ് വീട്ടിൽ ഉണ്ടായിട്ടും"പട്ടിയ്ക്ക് പൂടയുണ്ടെങ്കിൽ സലൂൺകാരന് എന്ത് ഗുണം" എന്ന പോലെ മാങ്ങാ തിന്നണമെങ്കിൽ കടയിൽ പോയി വാങ്ങണം എന്നതാണ് അവസ്ഥ. നെട്ടക്കോല് പോലെ മാവ് ആകാശം മുട്ടെ വളർന്നു അണ്ണാനും വവ്വാലും കിളിയും കൊത്തിത്തിന്നും.മാവ് പ്രൂൺ ചെയ്ത് കുട പോലെ വളർത്തണം. നടു ഭാഗം ഓപ്പൺ ആക്കി വെയിൽ നല്ലപോലെ ശിഖരങ്ങളിൽ തട്ടണം. 

4.മാവിന് കൃത്യമായി വളപ്രയോഗം നടത്താൻ നമുക്ക് അറിയില്ല, അല്ലെങ്കിൽ ശ്രമിക്കുന്നില്ല.മാവിന് വേണമെങ്കിൽ തനിയേ വളമൊക്കെ കണ്ട് പിടിച്ചോണം. പക്ഷേ മാങ്ങാ ഇഷ്ടം പോലെ തന്നോണം.ഇതാണ് മ്മടെ ബിഷൻ.

അതേ.. ലതാണ് പ്രധാന കാരണം.

 മാവിന് നമ്മൾ വർഷാവർഷം വളം ഇട്ടു കൊടുക്കേണ്ട കാര്യം ഉണ്ടോ?

 ഇല്ല. കിട്ടുന്നത് കിട്ടിയാൽ മതി എങ്കിൽ അന്ത വഴിയേ പോകലാം. 
വരരുചി മൊഴിഞ്ഞ പോലെ. 'വാ കീറിയ ദൈവം ഇര കൊടുക്കും '. 

ഇനി അതല്ല, ഇത്തവണ ഞാൻ ഗുണ മേന്മയുള്ള നൂറു മാങ്ങാ പറിയ്ക്കും എന്ന് വാശി ഉണ്ടെങ്കിൽ ദാ, ദിതുപോലെയാണ് മാവിന് വളം കൊടുക്കേണ്ടത്. 

തെങ്ങിന് തടം തുറക്കുന്നത് പോലെ തടിയിൽ നിന്നും ഏതാണ്ട് 2m വ്യാസാർദ്ധത്തിൽ അരയടി ആഴത്തിൽ തടം എടുക്കുക.വേരുകൾ കാര്യമായി മുറിയാതെ നോക്കുക. 

ചെറിയ മാവ് ആണെങ്കിൽ ആനുപാതികമായി തടത്തിന്റെ വിസ്താരം ആകാം. ഇലച്ചാർത്ത് (canopy) എത്ര വിസ്താരത്തിൽ ഉണ്ടോ അത്രയും ആണ് മരത്തിന്റെ വേര് വിന്യാസം. ആ വ്യാസാർദ്ധത്തിൽ തടം എടുക്കാം. 

ഏപ്രിൽ -മെയ്‌ മാസത്തിലോ വിളവെടുപ്പ് കഴിഞ്ഞ ഉടനെയോ ഇത് ചെയ്യാം. 

1-2 കിലോ കുമ്മായം തടത്തിൽ വിതറി പുളിപ്പ് ക്രമപ്പെടുത്താം. 

15 ദിവസം കഴിഞ്ഞ് ജൈവ -രാസ -സൂക്ഷ്മ വള മിശ്രിതം കൊടുക്കാം. 

അതിന്റെ ഫോർമുല എന്താണ്? 

ജൈവ വളം -മരത്തിന്റെ പ്രായം x5 കിലോ. (5കൊല്ലം പ്രായമുള്ള മരത്തിനു 25കിലോ )

യൂറിയ-മരത്തിന്റെ പ്രായം x45ഗ്രാം. (5 കൊല്ലം പ്രായമുണ്ടെങ്കിൽ 220ഗ്രാം )

മസൂറി ഫോസ് -പ്രായം x100ഗ്രാം (5കൊല്ലം പ്രായം, 500ഗ്രാം )

പൊട്ടാഷ് -പ്രായം x50ഗ്രാം (5കൊല്ലം പ്രായം 250ഗ്രാം )

പുറമേ, എല്ലാ കൊല്ലവും രണ്ടാം വളത്തോടൊപ്പം 50-100 ഗ്രാം മൈക്രോ ഫുഡ്‌ (സൂക്ഷ്മ മൂലക മിശ്രിതം ) കൂടി കൊടുക്കാം. 

ചുരുക്കി പറഞ്ഞാൽ അഞ്ചാം ജന്മ ദിനം ആഘോഷിച്ച മാവിന് 1-2 കിലോ കുമ്മായം,25 കിലോ ചാണകപ്പൊടി,220 ഗ്രാം യൂറിയ, 500 ഗ്രാം റോക്ക് ഫോസ് ഫേറ്റ്, 250 ഗ്രാം പൊട്ടാഷ് എന്നിവ വിളവെടുപ്പിന് ശേഷം ചില്ലകൾ ആവശ്യമെങ്കിൽ ഒക്കെ കോതിയതിന് ശേഷം നൽകാം. 

ഏപ്രിൽ -മെയ്‌ മാസത്തിൽ ഒന്നാം വളം.
മുഴുവൻ ജൈവ വളവും പകുതി യൂറിയ, മുഴുവൻ മസ്സൂറി ഫോസ്, പകുതി പൊട്ടാഷ്. 

സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ ശേഷിച്ച യൂറിയയും പൊട്ടാഷും. 

പൂക്കാൻ തുടങ്ങുന്നതിനു മുൻപ് പൊട്ടാസിയം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. 

മാങ്ങാ വിണ്ടു കീറുന്നു എങ്കിൽ കാൽസ്യം നൈട്രേറ്റ് 10gram, Borax 3ഗ്രാം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ വേറെ വേറെ ആയി ഇലകളിൽ തളിക്കാം. വേണമെങ്കിൽ 100ഗ്രാം Borax മണ്ണിൽ ചേർത്ത് കൊടുക്കാം. 

ഇങ്ങോട്ട് മാങ്ങാ കിട്ടണം എന്ന് മാത്രം കരുതി ഇരിയ്ക്കരുത്. മാവിനും എന്തെങ്കിലുമൊക്കെ അങ്ങോട്ടും കൊടുക്കണം. 

കൊടുക്കുവിൻ, കിട്ടപ്പെടും....
കൊടുത്താൽ കൊല്ലത്തും കിട്ടും...

...ന്നാൽ അങ്ങട്...
✍🏻
പ്രമോദ് മാധവൻ 
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ

No comments:

Post a Comment