കൃഷി കാലത്തിനൊപ്പം.............
ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല 2025 ജൂൺ 22 ഞായർ രാവിലെ 6.21am ന് ആരംഭിക്കുന്നു. 2025 ജൂലൈ 6 വൈകിട്ട് 5.50 pm ന് പടിയിറങ്ങും. കൃഷിയാരംഭിക്കുവാൻ യോജിച്ച സമയമാണിത്. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലക്കാലത്ത് കൃഷിയാരംഭിക്കുവാൻ മറക്കരുത്🙏🌿
തിരുവാതിര ഞാറ്റുവേല
SK. ഷിനു .
----------------------------------------------
💚💚💚💚💚💚💚💚💚💚💚
ഞാറ്റുവേലകൾ നാട്ടറിവാണ്........
തിരിച്ചറിവാണ്...............
പ്രതിരോധമാണ്...............
2025-ലെ തിരുവാതിര ഞാറ്റുവേല ജൂൺ 22 ഞായർ രാവിലെ 6.21 ന് ആരംഭിച്ചിരിക്കുകയാണ്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കി, ഒരു വർഷത്തെ പതിമൂന്നര ദിവസം വീതമുള്ള 27 ഞാറ്റുവേലകളായി തിരിച്ചുകൊണ്ടാണ് ഞാറ്റുവേല കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലണ്ടർ ഫോർമാറ്റിലേക്ക് വരുമ്പോൾ 14 ദിവസമായി കണക്കാക്കപ്പെടുന്നു. ഞാറ്റുവേലകളിൽ തിരുവാതിര ഞാറ്റുവേല ഏകദേശം 15 ദിവസത്തോളം നീണ്ടുനിൽക്കുന്നു.2025 ജൂലൈ 6 ഞായറായാഴ്ച വൈകിട്ട് 5.50 ന് തിരുവാതിര ഞാറ്റുവേല പടിയിറങ്ങും.
അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മേടം 1 വിഷു മുതൽ ആണ് ഞാറ്റുവേലകൾ ആരംഭിക്കുന്നത്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കിയുള്ള സൗര കലണ്ടർ, അല്ലെങ്കിൽ സോളാർ കലണ്ടർ അല്ലെങ്കിൽ കാർഷിക കലണ്ടറാണ് ഞാറ്റുവേല കലണ്ടർ. സൂര്യന് അഭിമുഖമായി ഏത് നക്ഷത്രമാണ് വരുന്നത് ആ നക്ഷത്രത്തിൻ്റെ പേരിലാണ് ആ ഞാറ്റുവേല അറിയപ്പെടുന്നത്. ഞാറ്റുവേലകൾ പലതുണ്ടെങ്കിലും, കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിര ഞാറ്റുവേല. തിരുവാതിര ഞാറ്റുവേല മിഥുന മാസത്തിലാണ് വരുന്നത് . കേരളത്തിൽ മഴയും വെയ്ലും തുല്യമായി ലഭിക്കുന്ന മാസമാണ് മിഥുനം. ആയതിനാൽ മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേല മഴയ്ക്ക് ജന്മം തരുന്ന ഞാറ്റുവേലയായി കരുതപ്പെടുന്നു.
തിരുവാതിര ഞാറ്റുവേലയുടെ സമയത്താണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഏറ്റവും സജീവമാകുന്നത്. "തിരുവാതിരയിൽ തിരിമുറിയാതെ മഴ" എന്നൊരു ചൊല്ലുണ്ട്, അതായത് ഈ ഞാറ്റുവേലയിൽ ഇടതടവില്ലാതെ മഴ ലഭിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. തിരുവാതിത ഞാറ്റുവേലക്കാലത്ത് 101 മഴയും 101 വെയിലും ലഭിക്കുമെന്നാണ് കാർഷിക സങ്കൽപ്പം.
വെയിലും മഴയും ഒരുമിച്ചു വന്നാൽ കുഞ്ഞിക്കുറുക്കൻ്റെ കല്യാണം എന്ന് നമ്മൾ കുട്ടിക്കാലത്ത് പാടിയ പാട്ട് മനസിൽ ഓർമ്മ വരുകയാണ്. ഈ പാട്ടും പാടി തിരിമുറിയാതെ പെയ്യുന്ന മഴ നനയുന്ന നമ്മുടെ കുട്ടിക്കാലം ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. ഈ മഴയും ഒപ്പം ലഭിക്കുന്ന വെയിലും കാർഷിക വിളകൾക്ക്, പ്രത്യേകിച്ച് ഫലവൃക്ഷത്തൈകൾക്കും കുരുമുളകിനും വളരെ അനുയോജ്യമാണ്. ഈ സമയത്ത് നടുന്നതെല്ലാം നന്നായി വളരുമെന്ന് കർഷകർ വിശ്വസിക്കുന്നു. കുരുമുളക് തിരിയിടുന്ന സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഒടിച്ചു കുത്തി മുളപ്പിക്കുന്ന ( തണ്ടു മുറിച്ചുനടുന്ന) ഏതൊരു വിളയും നടാൻ അനുയോജ്യമായ സമയമാണിത്. തിരുവാതിര ഞാറ്റുവേലകാലത്ത് വിരൽ ഒടിച്ചു കുത്തിയാൽപ്പോലും മുളപൊട്ടും എന്നാണ് പഴമക്കാർ പറയുന്നത്.
കുരുമുളക് കൃഷിക്ക് ഏറ്റവും യോജിച്ച സമയമാണിത്.കുറ്റിക്കുരുമുളക് വള്ളി ഗ്രോബാഗിൽ നടുന്നവർക്കൊക്കെ നല്ല സമയം'
കോഴിക്കോട് സാമൂതിരിയോട് പോർച്ചുഗീസുകാർ , പോർച്ചുഗല്ലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ കൃഷിചെയ്യുവാനായി കുരുമുള്ളക് വള്ളികൾ ആവശ്യപ്പെട്ടു. സാമൂതിരി വള്ളികൾ കൊടുക്കാം എന്ന് ഉറപ്പും നൽകി. സാമൂതിരിയുടെ സദസിലെ മന്ത്രിയായായിരുന്ന മാങ്ങാട്ടച്ചൻ സാമൂതിരിയോട് ചോദിച്ചു , പ്രഭു കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കുരുമുളക് പറങ്കികൾ അവരുടെ നാട്ടിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ചാൽ നമ്മുടെ വ്യവസായം തകരില്ലേ. സാമുതിരി മാങ്ങാട്ടച്ചനോട് പറഞ്ഞ മറുപടി ഇങ്ങനെയാണ്. പറങ്കികൾക്ക് കേരളത്തിൽ നിന്നും കപ്പൽ വഴി കുരുമുളക് വള്ളികളേ കൊണ്ടുപോകുവാൻ കഴിയു.കേരളത്തിൻ്റെ സവിശേഷമായ തിരുവാതിര ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്ന്. കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേലയെന്നാണ് സാമൂതിരി നൽകുന്ന സന്ദേശം..…....................
ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് നമ്മുടെ കൃഷിരീതികള്‍. ഒരു വര്‍ഷത്തെ പതിമൂന്നര ദിവസം വീതമുള്ള ഇരുപത്തിയേഴ് ഭാഗമാക്കിയാണ് ഞാറ്റുവേല കണക്കാക്കുന്നത്. നക്ഷത്രങ്ങളുടെ പേരിട്ട് ഇവയെ വിളിക്കുകയും ചെയ്തു. സൂര്യന്റെ പ്രദക്ഷിണവഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷിപ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഇവയില്‍ മുറിച്ചുനടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല .
പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതല്‍ മഴവെള്ളം മൺകലങ്ങളിൽ ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയില്‍ പതിനാലു ദിവസത്തിനുള്ളില്‍ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ പതിനാലു ദിവസം മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു. സൂര്യന്റെ പ്രദക്ഷിണവഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷിപ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ ജീവിത ചക്രമാക്കിയിരുന്നു.....................
കൃഷി കാലത്തിനൊപ്പം👍
No comments:
Post a Comment