Tuesday, December 9, 2025

ചാരം (Wood ash):

ചാരം (Wood ash):
*******************
(ചാരം വെറും ചാരമല്ല, 
അത് മണ്ണിന്റെ പോഷകമാണ്)
*********************************
അടുക്കളയിൽ വിറക് കത്തിക്കുമ്പോൾ ലഭിക്കുന്ന ചാരം (wood ash) പണ്ട് മുതലേ നമ്മുടെ പ്രധാനപ്പെട്ടൊരു നാടന്‍ വളമായിരുന്നു. ഇതിനേയും കുമ്മായ വസ്തുക്കളുടെ ഗണത്തിൽ പെടുത്താം. ഒരു മികച്ച ജൈവവളവും കൂടിയാണ് ചാരം. പക്ഷേ, ശരിയായ രീതിയിലും അളവിലും ഉപയോഗിച്ചാൽ മാത്രമേ ഇത് ഗുണകരമാകൂ. ചാരം മണ്ണിന്റെ അമ്ലത്വം കുറയ്ക്കുകയും ഒപ്പം ഇത് മണ്ണിന്റെ pH കൂട്ടാനും ചെടികൾക്ക് ആവശ്യമായ പല പോഷകങ്ങളും നല്കാനും സഹായിക്കുന്നുണ്ട്. ചാരം കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നവും ക്ഷാരസ്വഭാവമുള്ളതുമാണ്. ഇതിലെ പൊട്ടാസ്യം ചെടികളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ചാരത്തിൽ ചെറിയ അളവിൽ മറ്റ് സൂക്ഷ്മ മൂലകങ്ങളും (micronutrients) അടങ്ങിയിട്ടുണ്ട്. ചാരം സാധാരണ കുമ്മായത്തെക്കാൾ വേഗത്തിൽ മണ്ണിൽ പ്രവർത്തിക്കുകയും pH ലെവൽ എളുപ്പം ക്രമപ്പെടുത്തുകയും ചെയ്യും. കാരണം ഇതിലെ ക്ഷാര സംയുക്തങ്ങൾ കുമ്മായത്തിലെ കാൽസ്യം കാർബണേറ്റിനെക്കാൾ എളുപ്പത്തിൽ ലയിക്കുന്നവയാണ്.

ചാരം ഉപയോഗിക്കാവുന്ന രീതികൾ:
***************************************
മണ്ണിന്റെ pH ലെവൽ എത്രയാണെന്ന് പരിശോധിച്ച ശേഷം മാത്രം ചാരം ചേർക്കുക. അമിതമായി ചേർക്കുന്നത് മണ്ണിന്റെ pH അമിതമായി ഉയർത്താനും ചില ചെടികൾക്ക് ദോഷകരമാകാനും സാധ്യതയുണ്ട്. നേരിട്ട് മണ്ണിൽ ചേർത്ത് കൊടുക്കുന്നതാണ് ഒരു രീതി. ചെടികൾ നടുന്നതിന് മുമ്പോ, അല്ലെങ്കിൽ വളരുന്ന ചെടികളുടെ ചുറ്റുമോ മണ്ണിൽ വിതറി നന്നായി ഇളക്കി കൊടുക്കുക. ചെടികളുടെ വലിപ്പം അനുസരിച്ചു 50 ഗ്രാം മുതൽ 100 ഗ്രാം വരെ നൽകാം. അത് പോലെ ചാരം വെള്ളത്തിൽ കലക്കി ഏകദേശം 1 കപ്പ് ചാരം 4-5 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ഏതാനും മണിക്കൂറുകൾ വെച്ച ശേഷം, തെളിഞ്ഞ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. തെളിഞ്ഞ വെള്ളം ചെടികളുടെ ഇലകളിൽ സ്പ്രേ ചെയ്‌തും കൊടുക്കുന്നത് ചില പ്രാണികളെ അകറ്റാൻ സഹായിച്ചേക്കാം. കമ്പോസ്റ്റ് നിർമ്മാണത്തിൽ ചാരം ചേർക്കുന്നത് കമ്പോസ്റ്റ് പ്രക്രിയയെ വേഗത്തിലാക്കാനും പോഷകാംശം വർദ്ധിപ്പിക്കാനും സഹായിക്കും.വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടിലെ ചാരം നമുക്ക് കമ്പോസ്റ്റ് ആക്കാം.

ചാരം കമ്പോസ്റ്റ് ആക്കുന്ന രീതി:
***********************************
ഒരു പ്ലാസ്റ്റിക് ചാക്കില്‍ അല്പം മേല്‍മണ്ണ് നിറയ്ക്കുക, അതിനുമുകളില്‍ കാല്‍ഭാഗം വരെ വെണ്ണീര്‍ നിറയ്ക്കുക. വീണ്ടും അല്പം മേല്‍മണ്ണ് വിതറിയതിന് ശേഷം ഒന്നു ചെറുതായി നനയ്ക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. അതിനുശേഷം അതിന്റെ വായ്ഭാഗം കെട്ടിയതിനുശേഷം കമിഴ്ത്തിവെക്കുക. നനവില്ലാത്തസ്ഥലത്ത് ഈ ചാക്കുകള്‍ സൂക്ഷിച്ചു വെച്ചശേഷം രണ്ടുമാസം കഴിഞ്ഞ് എടുത്താല്‍ വെണ്ണീര്‍ കമ്പോസ്റ്റ് റെഡിയാകും. ഇത് ചെടികള്‍ക്ക് നേരിട്ട് നല്‍കാം.

ചാരം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
******************************
കത്തിച്ച ശുദ്ധമായ വിറകിന്റെ/മരങ്ങളുടെ ചാരം മാത്രം ഉപയോഗിക്കുക. രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്കരിച്ച മരങ്ങളുടെ (treated wood), പ്രോസസ് ചെയ്ത മരങ്ങളുടെ അതായത് plywood, particle board എന്നിവ, നിറം പൂശിയ തടി, ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച തടി, കൽക്കരി, ചാർക്കോൾ ബ്രിക്കറ്റുകൾ എന്നിവയുടെയും ചാരം കൃഷിക്ക് ഉപയോഗിക്കരുത്. ഇവയിൽ ഹാനികരമായ രാസവസ്തുക്കളും ഹെവി മെറ്റലുകളും അടങ്ങിയിരിക്കാം.

അമിത ഉപയോഗം ഒഴിവാക്കുക, ചാരം അമിതമായി ഉപയോഗിക്കുന്നത് മണ്ണിന്റെ pH പെട്ടെന്ന് വർദ്ധിപ്പിക്കാനും, സസ്യങ്ങൾക്ക് പൊള്ളലേൽക്കാനും, മണ്ണിരകളെയും മറ്റ് സൂക്ഷ്മാണുക്കളെയും ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

ചാരം നനഞ്ഞ അവസ്ഥയിൽ സൂക്ഷിക്കുന്നത് പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. അതിനാൽ, ഈർപ്പം തട്ടാതെ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ചകിരി, ഓല, മടല്‍ എന്നിങ്ങനെ തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചതിനു ശേഷം കിട്ടുന്ന ചാരത്തിന് പുളിരസം ഉണ്ടാകും. പുളിയുള്ള ചാരത്തിന്റെ അംശം പച്ചക്കറിവിളകള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.അത് കൊണ്ട് അങ്ങനെ കിട്ടുന്ന ചാരം ഒഴിവാക്കുക.

യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുമായി നേരിട്ട് ചാരം കലർത്തുന്നത് നൈട്രജൻ നഷ്ടപ്പെടാൻ ഇടയാക്കും. അത്പോലെ ചൂടോടുകൂടി പുതിയ ചാരം നേരിട്ട് സസ്യങ്ങളുടെ ചുവട്ടിൽ ഇടുന്നത് ഒഴിവാക്കുക. അത് വളരെ ക്ഷാരഗുണമുള്ളതായിരിക്കും. അത് ചെടികൾക്ക് ചിലപ്പോൾ ദോഷകരം ആകും.

ചാരം ഒരു നല്ല ജൈവ വളമാണെങ്കിലും, ശ്രദ്ധയോടെയും അളവറിഞ്ഞും ഉപയോഗിച്ചില്ലെങ്കിൽ ദോഷകരമായേക്കാം. അതിനാൽ, നിങ്ങളുടെ കൃഷിയിടത്തിലെ മണ്ണിന്റെ അവസ്ഥ മനസ്സിലാക്കി മാത്രം ഇത് ഉപയോഗിക്കുക.............

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

No comments:

Post a Comment